ലോക്ക്‌ഡൗൺ; ദൂരദർശനിൽ രാമായണം സീരിയൽ വീണ്ടും, ഇനി ബോറടി മാറ്റാം!

അനു മുരളി

വെള്ളി, 27 മാര്‍ച്ച് 2020 (14:17 IST)
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുന്നവരുടെ ബോറടി മാറ്റാൻ രാമായണം സീരിയൽ ദൂരദർശനിൽ പുനഃസംപ്രേക്ഷണം ചെയ്യും. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. നാളെ മുതലാണ് ആരംഭിക്കുക.
 
രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലില്‍ ആയിരിക്കും രാമായണം സംപ്രേഷണം ചെയ്യുക. 1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം. 
 
55 രാജ്യങ്ങളില്‍ ടെലികാസ്റ്റ് ചെയ്തു. 650 ദശലക്ഷത്തോളം ആളുകള്‍ പരമ്പര കണ്ടു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പരയായി രാമായണം മാറി. ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുനഃസംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖറും അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍