'പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം, അല്ലേടാ?'

ഞായര്‍, 6 ജനുവരി 2019 (12:50 IST)
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോകമാണ്. പരസ്പരം മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ പരസ്പരം പോർവിളി നടത്തി പോരുകോഴികളെ പോലെ മാറുകയാണ് നാടും നാട്ടുകാരും. പ്രസിദ്ധ എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും മമ്മുട്ടിയും തമ്മില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നടത്തിയ സംഭാഷണം ഇത് വ്യക്തമാക്കുന്നുണ്ട്. 
 
ഇന്ന് വഷളായി കൊണ്ടിരിക്കുന്ന സാമൂഹ്യഅവസ്ഥയെ കുറിച്ച് മമ്മുട്ടി നടത്തിയ നിരീക്ഷണം ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇരുവരുടെയും സംഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. 
 
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്-
 
വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മൂട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:
 
സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?'
 
'അതെ‘
 
ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.
 
ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.
 
കനത്ത ഒരു മൂളലോടെ മമ്മൂക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.
 
എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മൂക്ക ചോദിച്ചു:
 
' പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?'
 
- ബാലചന്ദ്രന്‍ ചുള്ളിക്കാട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍