‘ഇത് ലാലിന് പറ്റിയ റോള്‍ അല്ലേ?’ - മമ്മൂട്ടി ചോദിച്ചു, സംവിധായകന്‍ സമ്മതിച്ചില്ല !

കെ ആര്‍ അനൂപ്

വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (19:31 IST)
1999ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രമാണ് ‘പല്ലാവൂര്‍ ദേവനാരായണന്‍’. ഗിരീഷ് പുത്തഞ്ചേരിയുടെ തിരക്കഥയില്‍ വി എം വിനു സംവിധാനം ചെയ്‌ത ഈ സിനിമ ശരാശരി വിജയം നേടിയിരുന്നു. എന്നാല്‍ മമ്മൂട്ടിക്ക് ഈ സിനിമയിലെ നായക കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചുകാണണം എന്നായിരുന്നു ആഗ്രഹം. അദ്ദേഹം അത് പലതവണ വി എം വിനുവിനോട് പറഞ്ഞു. 
 
ദേവനാരായണനായി തന്നേക്കാൾ അനുയോജ്യൻ മോഹൻലാലാണെന്നായിരുന്നു മമ്മൂട്ടി വിനുവിനോട് പറഞ്ഞത്. കഥയും കഥാപാത്രവും കേട്ടപ്പോള്‍ തന്നെ ‘ഇത് ലാലിന് പറ്റിയ റോള്‍ അല്ലേ?’ എന്നായിരുന്നു മമ്മൂട്ടി അന്വേഷിച്ചത്. എന്നാല്‍ വി എം വിനു സമ്മതിച്ചില്ല. ഈ കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിക്കണമെന്ന് വിനുവിന് നിര്‍ബന്ധമായിരുന്നു.
 
മമ്മൂട്ടിയുമൊത്ത് വിനു ചെയ്യുന്ന ആദ്യ സിനിമയായിരുന്നു പല്ലാവൂര്‍ ദേവനാരായണന്‍. പിന്നീട് വേഷം, ബസ് കണ്ടക്‍ടര്‍, ഫേസ് ടു ഫേസ് എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ വിനു സംവിധാനം ചെയ്‌തു. മോഹന്‍ലാലിനെ നായകനാക്കി ‘ബാലേട്ടന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയതും വി എം വിനു ആണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍