ഒരു പുരുഷനെ നോക്കി 'നല്ല ചന്തി' എന്ന് പെണ്ണ് പറഞ്ഞാൽ തമാശ, മറിച്ചാണെങ്കിലോ? റിമയെ വെട്ടിലാക്കി കമന്റുകൾ

ചൊവ്വ, 28 ഫെബ്രുവരി 2017 (12:43 IST)
കൊച്ചിയിൽ പ്രമുഖനടി ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ 'ഇനിമേൽ തന്റെ സിനിമയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നതല്ല' എന്ന് ചില സംവിധായകരും പൃഥ്വിരാജും പ്രഖ്യാപിച്ചിരുന്നു. ചെയ്തുപോയ തെറ്റുകൾക്ക് മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാൽ, അറുത്തുമുറിച്ച് അങ്ങനെ പറയാൻ കഴിയാത്ത സംവിധായകരും ഉണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംവിധായകൻ രഞ്ജിത്.
 
സ്ത്രീ വിരുദ്ധ സംഭാഷണങ്ങള്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞ താരങ്ങളെ രഞ്ജിത്ത് കളിയാക്കി. ഇതോടെ രഞ്ജിത്തിനെതിരേയും പലരും രംഗത്തെത്തി. അതിൽ മുഖ്യ ആളായിരുന്നു റിമ കല്ലിങ്കൽ. എന്നാൽ രഞ്ജിത്തിനെ വിമർശിക്കാനെത്തിയ റിമയെ കൊന്നുകൊലവിളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
 
സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ ജനങ്ങളെ സ്വാധീനിയ്ക്കുമെങ്കില്‍ കൊലപാതകങ്ങളും സ്വാധീനിക്കില്ലേ, അതും സിനിമയില്‍ നിര്‍ത്തലാക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് റിമ മറുപടി കൊടുത്തു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തെ ചൂണ്ടി കാണിച്ചുകൊണ്ടായിരുന്നു റിമയുടെ മറുപടി
 
സിനിമയെ സിനിമയായി കാണാനാണ് റിമയോട് ഒരു ആരാധകന്‍ ആവശ്യപ്പെടുന്നത്. 22 എഫ്‌കെ എന്ന ചിത്രത്തില്‍ ഒരു പുരുഷനെ നോക്കി നായികയുടെ സഹോദരി 'nice ass' എന്ന് പറയുന്നുണ്ട്. അത് തമാശയും, അതേ ഡയലോഗ് പുരുഷന്‍ പറഞ്ഞാല്‍ സ്ത്രീ വിരുദ്ധതയും എന്ന നിലപാട് ശരിയാണോ?. 
 
സിനിമ കണ്ടാല്‍ തിന്മ മാത്രമേ സ്വാധീനിക്കുകയുള്ളോ. എന്തുകൊണ്ട് നല്ല സിനിമ കണ്ടിട്ട് ആരും നന്മമരം ആകുന്നില്ല. അതിലും എത്രയോ ഭീകരമായി നോവലുകളിലും സീരിയലുകളിലും സ്ത്രീകളെ മോശമായി ചിത്രീകരിയ്ക്കുന്നു. അതൊക്കെ നിരോധിയ്ക്കുമോ?. ഇങ്ങനെ പോകുന്നു ആരാധകരുടെ സംശയം.

വെബ്ദുനിയ വായിക്കുക