ദീപാവലിക്കഥകളില്‍ ചിലത് ഇതാ...

ദേവപ്രിയ കാങ്ങാട്ടില്‍

ബുധന്‍, 11 നവം‌ബര്‍ 2020 (13:46 IST)
കറുത്തവാവിന്‌ തലേനാള്‍, അതായത് കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷ ചതുര്‍ദശിയാണ്‌ ദീപാവലിയായി ആഘോഷിക്കുന്നത്. ദീപങ്ങളുടെ 'ആവലി' അഥവാ നീണ്ടനിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അര്‍ഥം. 
 
രാവണനെ വധിച്ച ശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍ ലങ്കയില്‍ തങ്ങുകയും രാവണന്റെ അനുജന്‍ വിഭീഷണനെ രാജാവായി വാഴിക്കുകയും ചെയ്തു. അതിനുശേഷം പരിവാരസമേതം പുറപ്പെട്ട ശ്രീരാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തിയത്. പതിനാലു വര്‍ഷത്തിനു ശേഷം രാമന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിച്ചിരുന്നു. പുഷ്‌പകവിമാനത്തില്‍ വന്നിറങ്ങിയ ശ്രീരാമനെ രാജവീഥികളില്‍ ഇരുവശത്തുമായി ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിച്ചത്. ഈ സ്വീകരണത്തിന്റെ സ്‌മരണയാണ്‌ ദീപാവലിയെന്നു പറയപ്പെടുന്നു.
 
നരകാസുരവധത്തിനുശേഷം ദ്വാരകയില്‍ തിരികെയെത്തിയ ശ്രീകൃഷ്‌ണന് അവിടുത്തെ ജനത നല്‍കിയ സ്വീകരണമാണ് ദീപാവലിയെന്നും ചില ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്‍റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായി നരക ചതുര്‍ദശി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.
 
ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതിഗംഭീരമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമൊക്കെയാണ് ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയപ്പെട്ടവരുടെ വിരഹം സഹിച്ചിച്ച് കഴിഞ്ഞിരുന്നവര്‍ ആനന്ദപൂര്‍വ്വം അവരുടെ പുന:സമാഗമം ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ദീപാവലി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍