രാം ലല്ലയ്ക്കും, നിർമോഹി അഘാഡയ്ക്കും, യു പി സർക്കാരിനും എതിർ നിലപാട് തന്നെ; അയോധ്യയിൽ രണ്ട് തവണ പരാജയപ്പെട്ട മധ്യസ്ഥ ചർച്ചകൾ ഇത്തവണ വിജയം കാണുമോ ?

വെള്ളി, 8 മാര്‍ച്ച് 2019 (15:17 IST)
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ഉയർത്തിപ്പിടിച്ച ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായിരുന്നു അയോധ്യയിലെ രാമ ക്ഷേത്ര നിർമ്മാനം. രാമ ക്ഷേത്രം നിർമ്മിക്കും എന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഹൈന്ദവ സംഘടനകളുടെയും സന്യാസി സമൂഹങ്ങളുടെയും പിന്തുണ ബി ജെ പിക്ക് ലഭിച്ചിരുന്നു. യു പി എ ഭരണത്തെ അട്ടിമറിച്ച് എൻ ഡി അധികാരത്തിലെത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ക്യാംപെയിനുകൾ തന്നെയായിരുന്നു. 
 
അയോധ്യ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ തന്നെയായിരുന്നു ബി ജെ പിയുടെ ഈ പ്രഖ്യാപനം. എന്നാൽ ഭരണകാലാവധി പൂർത്തിയാക്കി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പടുക്കുമ്പോഴും അയോധ്യ ചൂടേറിയ ചർച്ചയാവുകയാണ്. കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തർക്കത്തിന് മധ്യസ്ഥ ചർച്ചകളിലൂടെ സമവായത്തിലെത്താൻ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരിക്കുകയാണ്.
 
റിട്ടയഡ് ജസ്റ്റിസ് ഖലീഫുള്ള ഖാനാണ് കമ്മറ്റുയുടെ അധ്യക്ഷൻ, അഭിഭാഷകനായ ശ്രീറാം പാഞ്ചു, ശ്രി ശ്രി രവിശങ്കർ എന്നിവർ കമ്മറ്റുയിലെ അംഗങ്ങളാണ്. ആവശ്യമെങ്കിൽ കൂടുതൽ അംഗങ്ങളെ മധ്യസ്ഥ ചർച്ചകൾക്കായി നിയോഗിക്കാം എന്നും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം രണ്ട് തവണ പരാജയപ്പെട്ട മധ്യസ്ഥ ചർച്ചകൾ ഇക്കുറി വിജയം കാണുമോ എന്നതാണ്.
 
2010ലും 2017ലും അയോധ്യ തർക്ക ഭൂമിയിൽ പരിഹരം ഉണ്ടാക്കുന്നതിനായി മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചതാണ്. എന്നാൽ തുടക്കത്തിൽ തന്നെ ഇത് പരാജയപ്പെട്ടിരുന്നു. ഉത്തർപ്രദേശ് സർക്കാരും രാം ലല്ലയും അന്ന് മധ്യസ്ഥ ചർച്ചകളോട് മുഖം തിരിഞ്ഞ് നിന്നതോടെയാണ് തുടക്കത്തിൽ തന്നെ ഇവ പരാജയപ്പെടാൻ കാരണം. നിർമോഹി അഘാഡ, രാം ലല്ല എന്നീ സംഘടനകളും ഉത്തർ പ്രദേശ് സർക്കാരുൻ ഇക്കുറിയും മധ്യസ്ഥ ചർച്ഛകൾക്ക് എതിർ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് ഇവിടെ പ്രധാനമാണ്.
 
കോടതിയുടെ കൃത്യമായ നിരീക്ഷണത്തിലുള്ള കുറച്ചുകൂടി ഗൌരവ സ്വഭാവമുള്ള മധ്യസ്ഥ ചർച്ചകളാണ് ഇക്കുറി ഉണ്ടാവുക. എന്നാൽകൂടിയും വിഷയത്തിൽ സംവായം കണ്ടെത്തുക പ്രയാസം തന്നെയാവും. കോടതിക്കുള്ളിൽതന്നെ എതിർ നിലപാട് സ്വീകരിച്ചവർ മധ്യസ്ഥ ചർച്ചകളിലും അതേ നിലപാട് തന്നെയാവും സ്വീകരിക്കുക. മധ്യസ്ഥ ചർച്ചകളിലൂടെ സമവായം കണ്ടെത്താൻ സാധിച്ചാൽ അതാവും കേസിലെ അന്തിമ വിധി എന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.
 
മധ്യസ്ഥ ചർച്ചകൾക്കായി എട്ടാഴ്ചയാണ് കോടതി മൂന്നംഗ കമ്മറ്റിക്ക് നൽകിയിരികുന്നത്. നാലാഴ്ചക്കുള്ളിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും എട്ടാഴ്ചക്ക് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. വിശ്വാസപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട കേസ് ആയതിനാലാണ് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി ശ്രമിക്കുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ ഭരണഘടനാപരമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കാനാകും കോടതി തീരുമാനിക്കുക. അങ്ങനെയെങ്കിൽ കേസ് ഇനിയും അനിശ്ചിതമായി നീണ്ടേക്കും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍