പാലാ ചുവക്കാന്‍ കാരണം ‘ജോസും ജോസഫും’ മാത്രമല്ല; കാപ്പനെ ജയിപ്പിച്ച ഇടതിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’!

മെര്‍ലിന്‍ ഉതുപ്പ്

വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (16:26 IST)
പാലായുടെ മനസ് കെ എം മാണിക്കൊപ്പം മാത്രമായിരുന്നു, അല്ലാതെ കേരളാ കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിക്കൊപ്പമല്ലെന്ന് വ്യക്തമാകാന്‍ 54 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. മാണിയുടെ വിയോഗം പാര്‍ട്ടിക്ക് നല്‍കിയത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണെങ്കില്‍ യുഡിഎഫ് കോട്ടകളില്‍ ചെങ്കൊടി പാറിക്കാന്‍ കഴിയുമെന്ന് അടിവരയിട്ട് തെളിയിക്കാന്‍ എല്‍ഡിഎഫിനായി.

1965ല്‍ പാലാ മണ്ഡലം നിലവില്‍ വന്നതുമുതല്‍ കെഎം മാണിയല്ലാതെ മറ്റൊരാള്‍ പാലായുടെ എംഎല്‍എ ആയിട്ടില്ല. ആ ചരിത്രമാണ് 2019 സെപ്‌തംബര്‍ 27ന് അവസാനിച്ചത്. യു ഡി എഫും കേരളാ കോണ്‍ഗ്രസും ഇങ്ങനെയൊരു തോല്‍‌വി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരിക്കലും കൈവിടില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പഞ്ചായത്തുകളെല്ലാം ‘ചുവന്ന’തോടെയാണ് കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നത്. വോട്ട് ബാങ്കുകള്‍ ചോര്‍ന്നു, ഒപ്പം നിന്ന പഞ്ചായത്തുകള്‍ ഇടത്തോട്ട് മാറി. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞു.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, പാലാ (മുനിസിപ്പാ‍ലിറ്റി), മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍, എലിക്കുളം എന്നീ പഞ്ചായത്തുകള്‍ ഉപതെരഞ്ഞെടുപ്പിനായി വിധിയെഴുതിയപ്പോള്‍ മറിച്ചൊന്നും യുഡിഎഫ് പ്രതീക്ഷിച്ചില്ല. എന്ത് സംഭവിച്ചാലും ജയമുറപ്പെന്ന് ഉറച്ചു വിശ്വസിച്ചു.  എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആ പ്രതീക്ഷകള്‍ അപ്രസക്തമായി.

എന്നും യുഡിഎഫിനൊപ്പം നിന്ന രാമപുരത്ത് നിന്നാണ് ജോസ് ടോമിന് ആ‍ദ്യ തിരിച്ചടി ലഭിച്ചത്. പിന്നാലെ കടനാട്, മേലുകാവ് പഞ്ചായത്തുകള്‍ കൂടി ഇടത്തോട്ട് തിഞ്ഞു. തിരിച്ചുവരവ് പ്രതീക്ഷിച്ച ഭരണങ്ങാനവും പാലായും കൂടി കൈവിട്ടതോടെ യു ഡി എഫ് ക്യാമ്പ് തോല്‍‌വിയുറപ്പിച്ചു. ആശ്വാസം പകര്‍ന്ന് പതിവ് പോലെ മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ പഞ്ചായത്തുകള്‍ ഒപ്പം നിന്നത് മാത്രമാണ് യു ഡി എഫിനെ ആശ്വസിപ്പിച്ചത്.

മാണി സി കാപ്പന്‍ എന്ന നേതാവിന്റെ വിജയം മാത്രമായിരുന്നില്ല ഇത്. ലോക്‍സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍‌വിക്ക് പാലായിലൂടെ മറുപടി നല്‍കുകയെന്ന ലക്ഷ്യമായിരുന്നു  ഇടതുമുന്നണിക്ക്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ പാലായിലെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഇടതുമുന്നണി ശക്തിപ്പെടുത്തി. സ്ഥാനാർഥി പ്രഖ്യാപനം മുതൽ എല്ലാ സംവിധാനങ്ങളെയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ചുവട് പോലും പിന്നോട്ട് പോകരുതെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചുറപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. വൈക്കം വിശ്വൻ, കെജെ തോമസ്, മന്തി എംഎം മണി സെക്രട്ടറിയേറ്റ് അംഗങ്ങൾക്കായിരുന്നു പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഒരോ പഞ്ചായത്തുകളുടെയും മേല്‍‌നോട്ടം ഓരോ എംഎൽഎമാരെ ഏൽപ്പിച്ചു എണ്ണയിട്ട യന്ത്രം പോലെ ഇടതു സംവിധാനം പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങുകയെന്ന നിര്‍ദേശമായിരുന്നു നേതൃത്വത്തില്‍ നിന്ന് നേതാക്കള്‍ക്ക് ലഭിച്ചത്. ഇതോടെ കുടുംബയോഗങ്ങളും വീട് കയറിയുള്ള സന്ദര്‍ശനവും ശക്തമാക്കി. ഓരോ വോട്ടർമാരെയും മൂന്ന് തവണയെങ്കിലും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. എതിര്‍ സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കുന്ന തരത്തിലുള്ള പേരെടുത്തുള്ള വിമര്‍ശനം പാടില്ലെന്ന ചട്ടവും പാര്‍ട്ടിക്കുണ്ടായിരുന്നു.

കേരളാ കോണ്‍ഗ്രസിനെ പടലപ്പിണക്കവും വിള്ളലും മുതലെടുത്തുള്ള പ്രചാരണം കൂടിയായിരുന്നു മാണി സി  കാപ്പനായി നടന്നത്. ആദ്യം തന്നെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചു പ്രവര്‍ത്തനം ശക്തിപ്പെടുത്തി. കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയപ്പോള്‍ എല്‍ഡിഎഫ് ആദ്യ റൌണ്ട് പ്രചാരണം ആരംഭിച്ചു. പിഴവുകളില്ലാത്ത ശക്തമായ ഈ ആസൂത്രണത്തിന് മുമ്പില്‍ യുഡിഎഫ് പതറി. മാണി വിഭാഗത്തിലെ തമ്മിലടി പരസ്യമാവുക കൂടി ചെയ്‌തതോടെ എന്നും കൂടെ നിന്ന പാലാ മണ്ഡലത്തെ ഇടതിന് വിട്ടു കൊണ്ടുക്കേണ്ടി വന്നു അവര്‍ക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍