മലയാളികളുടെ പ്രവൃത്തി കോഹ്ലിയെ ചൊടിപ്പിച്ചു, സഞ്ജു ഔട്ട്? ധവാന് പകരം അഗർവാൾ മതിയെന്ന് ബിസിസിഐ

ചിപ്പി പീലിപ്പോസ്

ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:18 IST)
പരുക്കിൽ നിന്നും ഇതുവരെ മുക്തനാകാത്ത ശിഖർ ധവാന് പകരം മായങ്ക് അഗർവാളിനെ വെസ്റ്റിൻഡീസിനെതിരെ കളിക്കുന്ന ഇന്ത്യൻ ഏകദിന ടീമിലേക്ക് സിലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തതായി റിപ്പോർട്ട്. ടീം മാനേജ്മെന്റുമായി ഇക്കാര്യത്തിൽ അന്തിമ ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
ഇതോടെ ധവാന് പകരം സഞ്ജു സാംസണെ പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിക്കുകയാണ്. സഞ്ജുവിനെ ഏകദിന ടീമിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നത്. ‘ശിഖർ ധവാനു പകരം മായങ്ക് അഗർവാളിനെ ഏകദിന ടീമിലേക്ക് സിലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ടെന്നും ഒരു ഓപ്പണറെയാണ് പരിഗണിക്കാൻ ഉദ്ദേശിക്കുന്നതെന്നും ബിസിസിഐ ഉന്നതൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 
  
‘‘രോഹിത് ശർമയ്ക്കൊപ്പം ഏകദിനത്തിൽ ഓപ്പണിങ് സ്ഥാനത്തേക്ക് കുറച്ചധികം പേരുകൾ കണ്ടെത്താനുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ധവാന്റെ പകരക്കാരൻ ഒരു ഓപ്പണറാകണമെന്നാണ് തീരുമാനം’ – അദ്ദേഹം വിശദീകരിച്ചു.  
 
വെസ്റ്റിൻഡീസിനെതിരായ ട്വിന്റി 20യിൽ ഉൾപ്പെട്ടെങ്കിലും രണ്ട് മത്സരത്തിലും പങ്കെടുപ്പിക്കാതെ സഞ്ജുവിനെ സൈഡ് ബെഞ്ചിൽ ഇരുത്തുകയായിരുന്നു വിരാട് കോഹ്ലിയും രവി ശാസ്ത്രിയും. 5 മത്സരങ്ങളിലും സൈഡാക്കിയതിന്റെ പ്രായ്ശ്ചിത്തമായിട്ടെങ്കിലും സഞ്ജുവിനെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പങ്കെടുപ്പിക്കണമെന്നായിരുന്നു മലയാളികളുടെ ആവശ്യം.  
 
അതേസമയം, തിരുവനന്തപുരത്ത് വെച്ച് നടന്ന രണ്ടാം ടി20യിൽ സഞ്ജുവിനെ മത്സരിപ്പിക്കാത്തതിനെതിരെ മലയാളികൾ പ്രതിഷേധം അറിയിച്ചിരുന്നു. റിഷഭ് പന്ത് ഒരു ക്യാച്ച് മിസാക്കിയപ്പോൾ പന്തിനെ കൂവി വിളിച്ചും സഞ്ജുവിന് ജയ് വിളിച്ചുമായിരുന്നു കാണികൾ തന്റെ പ്രതിഷേധം അറിയിച്ചത്. ഈ സംഭവം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നന്നേ പിടിച്ചില്ല. ഉടൻ തന്നെ താരം തന്റെ ഇഷ്ടക്കേട് ഗാലറിയിലുള്ളവരെ അറിയിക്കുകയും ചെയ്തു. ഏതായാലും മലയാളികളുടെ പ്രതിഷേധം കുറച്ച് കടുത്തുപോയെന്നും ഇത് കോഹ്ലിക്കും സെലക്ടർമാർക്കും സഞ്ജുവിനോട് കലിപ്പ് തീർക്കാനുള്ള ഒരു അവസരം കൂടി ആയി മാറിയിരിക്കുകയാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. 
 
ഇതിന്റെ ഫലമായിട്ടാണോ സഞ്ജുവിനെ ഏകദിന ടീമിൽ പങ്കെടുപ്പിക്കാത്തതെന്ന ചോദ്യവും ഉയരുന്നുണ്ട്. ടെസ്റ്റിൽ മികച്ച ഫോമിലുള്ള കർണാടക താരം മായങ്ക് അഗർവാളിന് നറുക്ക് വീഴുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഡിസംബർ 15ന് ചെന്നൈയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം വിശാഖപട്ടണത്തും മൂന്നാം മത്സരം കട്ടക്കിലുമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍