ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വൻനേട്ടം

അഭിറാം മനോഹർ

തിങ്കള്‍, 18 നവം‌ബര്‍ 2019 (12:22 IST)
ഐ സി സിയുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വൻമുന്നേറ്റം. ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം ബൗളിങ്ങിലും,ബാറ്റിങ്ങിലും വൻ മുന്നേറ്റമാണ് ഇന്ത്യൻ താരങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ബാറ്റിങ് പട്ടികയിൽ ആദ്യ പതിനൊന്ന് പേരിൽ അഞ്ചുപേരും ബൗളിങ്ങിൽ മൂന്ന് ഇന്ത്യൻ താരങ്ങളുമാണ് നിലവിൽ പട്ടികയിലുള്ളത്. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങളുണ്ട്.
 
 മുഹമ്മദ് ഷമിയും മായങ്ക് അഗർവാളുമാണ് ഐ സി സി പട്ടികയിൽ വൻ മുന്നേറ്റം നടത്തിയിരിക്കുന്ന ഇന്ത്യൻ താരങ്ങൾ. സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ടുപേരും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലാണ് നിലവിലുള്ളത്. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ മുഹമ്മദ് ഷമി 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളർമാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 
ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും നടത്തിയ ഇരട്ടസെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിൽ ഇന്ത്യൻ ഓപ്പണിങ് താരം മായങ്ക് അഗർവാൾ പട്ടികയിൽ 11മത് റാങ്കിലെത്തി. കേവലം എട്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് മായങ്ക് ഈ അസൂയാർഹമായ നേട്ടം സ്വന്തമാക്കിയത്. ആദ്യ 8 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന്  മായങ്കിനേക്കാൾ റൺസ് നേടിയ എട്ട് താരങ്ങളാണ് ചരിത്രത്തിള്ളത്. 
 
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയാണ് ബാറ്റിങ് പട്ടികയിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ താരം.പട്ടികയിൽ ഇന്ത്യൻ താരം ചേതേശ്വർ പൂജാര നാലാമതും, അജിങ്ക്യ രഹാനെ അഞ്ചാമതുമാണ്. രോഹിത് ശർമ, മായങ്ക് അഗർവാൾ എന്നിവർ യഥാക്രമം 10,11 സ്ഥാനങ്ങളിൽ പട്ടികയിലുണ്ട്. 
 
ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ നാലമതും.മുഹമ്മദ് ഷമി ഏഴാമതും ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ പത്താമതുമാണൂള്ളത്. അതേ സമയം ഏറ്റവും മികച്ച ഓൾ റൗണ്ടർമാരുടെ പട്ടികയിലും അശ്വിൻ ഇടം നേടിയിട്ടുണ്ട്.  ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും അശ്വിൻ നാലാമതുമാണ്.
 
ബാറ്റ്സ്മാന്മാരിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ബൗളർമാരിൽ ഓസ്ട്രേലിയയുടെ തന്നെ പാറ്റിൻസണൂമാണ്  നിലവിൽ ഐ സി സി ടെസ്റ്റ് പട്ടികയിൽ ഒന്നാമതുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍