അവ കരിയറിലെ മറക്കാനാവാത്ത നിമിഷങ്ങൾ, ആവർത്തിക്കുക ദുഷ്കരമെന്ന് ധോണി

വെള്ളി, 29 നവം‌ബര്‍ 2019 (10:11 IST)
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി. ഇന്ത്യക്ക് രണ്ട് ലോകകിരീടങ്ങൾ നേടി തന്ന നായകൻ എന്നതിന് പുറമേ ഐ സി സിയുടെ പ്രധാനപ്പെട്ട മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ലോകത്തിലെ ഒരേ ഒരു നായകൻ കൂടിയാണ് എം എസ് ധോണി. 10 വർഷങ്ങളിലായി ഇന്ത്യക്ക് വേണ്ടി നാട്ടിലും വിദേശത്തും നായകനെന്ന നിലയിൽ ഒരുപാട് നേട്ടങ്ങൾ നൽകിയിട്ടുള്ള ധോണി ഇപ്പോൾ കരിയറിന്റെ അവസാനഘട്ടത്തിലാണ്. 
 
കരിയറിൽ ബ്രേക്ക് എടുത്തിരിക്കുന്ന ധോണി തന്റെ കരിയറിലെ മറക്കാനാകാത്ത രണ്ട് നിമിഷങ്ങൾ ഓർത്തെടുത്തിരിക്കുകയണ് ഇപ്പോൾ. ഇനിയൊരിക്കൽ കൂടി ഈ നേട്ടങ്ങൾ ആവർത്തിക്കുക എളുപ്പമല്ലെന്നും ധോണി പറയുന്നു.
 
ആദ്യ ടി20 ലോകകിരീടം നേടി നാട്ടിലെത്തിയപ്പോൾ ലഭിച്ച സ്വീകരണമാണ് ധോണി ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളിൽ ഒന്ന്. മറൈൻ ഡ്രൈവിൽ തുറന്ന ബസ്സിലൂടെയായിരുന്നു അന്ന് യാത്ര. ആ പ്രദേശമാകെ ഇന്ത്യൻ ടീമിനെ കാണുവാനുള്ള ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. പലരും തങ്ങളുടെ പ്രധാനപ്പെട്ട ജോലികൾ എല്ലാം തന്നെ മാറ്റിവെച്ചായിരിക്കും ഞങ്ങളെ കാണാനായി വന്നത്. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം ഉണ്ടായിരുന്നു. ആ ദ്രുശ്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
 
രണ്ടാമതായി ധോണിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഒരു ലോകകപ്പ് വിജയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒന്നാണ്. 2011 വാംഖഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ നടന്ന ഫൈനൽ പോരാട്ടമാണിത്. മത്സരത്തിൽ ഇന്ത്യ ജയത്തിലേക്ക് നീങ്ങവെ ഗ്രൗണ്ടിൽ നിന്നും ഉയർന്ന വന്ദേമാതരം വിളികളാണ് ധോണിക്ക് മറക്കാൻ കഴിയാത്ത മറ്റൊരു നിമിഷം.  ഇന്ത്യക്ക് ജയിക്കാൻ 15-20 റൺസുകൾ വേണമെന്ന നിലയിലണ് ഗ്രൗണ്ടിൽ നിന്നും  വന്ദേമാതരം വിളികൾ ഉയർന്നത് ഈ രണ്ട് മുഹൂർത്തങ്ങളും തന്റെ ഹൃദയത്തോട് വളരെയധികം ചേർന്ന് നിൽക്കുന്ന നിമിഷങ്ങളാണെന്ന് ധോണി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍