'ആദ്യം കോഹ്‌ലിയെ പിടിച്ചുകെട്ടാനുള്ള പ്ലാൻ തയ്യാറാക്കണം, ബുമ്രയും ഷമിയും അപകടകാരികൾ'

ശനി, 18 ജൂലൈ 2020 (13:57 IST)
ക്രിക്കറ്റ് ആരാധകർ കാത്തിരിയ്ക്കുന്ന ഗ്ലാമർ പരമ്പരയാണ് ഡിസംബറിലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. ഓസ്ട്രേലിയയെ സംബന്ധിച്ച് ഇത് നിർണായക മത്സരം കൂടിയാണ്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലേറ്റ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് ഓസ്ട്രേലിയയ്ക്ക് എങ്കിൽ കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
 
പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിയ്ക്കുകയാണ് മുൻ ഓസീസ് പേസര്‍ ബ്രയറ്റ് ലീ. ടൂർണമെന്റിൽ ഓസ്ട്രേലിയ വിജയിയ്ക്കണം എങ്കിൽ ആദ്യം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ പിടിച്ചുകെട്ടണം എന്ന് ബ്രയറ്റ്‌ ലി പറയുന്നത്. 'ഓസ്‌ട്രേലിയ തീര്‍ച്ചയായും പകരം വീട്ടേണ്ടതുണ്ട്. എന്നാല്‍ മികച്ച താരങ്ങളടങ്ങുന്ന ഇന്ത്യൻ ടീം വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തും. എന്റെ അഭിപ്രായത്തില്‍ നാട്ടില്‍ ഓസ്‌ട്രേലിയ അതിശക്തരാണ്. 
 
പക്ഷേ ഇന്ത്യന്‍ നായകന്‍ വിരാട് കോലി മികച്ച ബാറ്റ്‌സ്മാനാണ്. കോലിയെ വീഴ്ത്താനായി ഓസ്‌ട്രേലിയ വ്യക്തമായ പ്ലാന്‍ തയ്യാറാക്കണം. കോലിയെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ആധിപത്യം നേടാന്‍ സാധിച്ചേക്കും. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലി പരമ്പരയിലെ മൂന്നാമത്തെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യയുടെ പേസ് ബൗളര്‍മാരാണ് ഇത്തവണയും ഓസ്‌ട്രേലിയക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ പര്യടനത്തില്‍ 21 വിക്കറ്റാണ് ബൂമ്ര നേടിയത്. മുഹമ്മദ് ഷമി 16 വിക്കറ്റും ഇഷാന്ത് ശര്‍മ 11 വിക്കറ്റും സ്വന്തമാക്കിയിരുന്നു. 
 
ബുമ്ര മികച്ച ബോളറാണ്. അദ്ദേഹത്തിന്റെ കഠിന പ്രയത്നമാണ് അതിന് കാരണം. ചെറിയ ഓട്ടത്തില്‍ നിന്ന് ഇത്രയും വേഗത്തില്‍ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായി വളരെയധികം പ്രയാസം നേരിടേണ്ടിവരും. എന്നാല്‍ പരിശീലനത്തിലൂടെ ബന്മ്ര ഇതിനെ മറികടക്കുന്നു. ബ്രയറ്റ്‌ലീ പറഞ്ഞു. നാല് ടെസ്റ്റും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍