അങ്ങനെയെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ സെവാഗിനെ ഗ്രൗണ്ടിലിട്ട് തല്ലിയേനെ: പൊട്ടിത്തെറിച്ച് അക്തർ

ബുധന്‍, 5 ഓഗസ്റ്റ് 2020 (13:55 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2004ല്‍ മുള്‍ത്താനില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും പാക് പേസര്‍ ശുഐബ് അക്തറും തമ്മിലുണ്ടായ വാക്കേറ്റം വലിയ വാർത്തയായതാണ് അന്നത്തെ ആ തർക്കത്തെ സംബന്ധിച്ച് അടുത്തിടെ സെവാഗ് നടത്തിയ വെളിപ്പെടുത്തലിനോട് രോഷത്തോടെ പ്രതികരിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അക്തര്‍.
 
ഡബിള്‍ സെഞ്ച്വറിക്ക് തൊട്ടരികില്‍ നിൽക്കെ അക്തര്‍ തനിക്കെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞതും അതിനോട് പ്രതികരിച്ച രീതിയെക്കുറുച്ചുമായിരുന്നു സെവാഗിന്റെ വെളിപ്പെടുത്തൽ. 'ഞാന്‍ 200ന് അടുത്ത് നില്‍ക്കെ ശുഐബ് എനിക്കെതിരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാൻ തുടങ്ങി. ഹുക്ക് ഷോട്ട് കളിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. 
 
ശുഐബ് ഇത് തുടര്‍ന്നതോടെ ഞാന്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന സച്ചിന്  നേര്‍ക്ക് വിരല്‍ ചൂണ്ടി 'നിന്റെ അച്ഛനാണ് അവിടെ നില്‍ക്കുന്നത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യൂ, നിന്നെ അടിച്ചുപറത്തും.' എന്ന് അക്തറിനോടു പറഞ്ഞു. ഷുഐബ് ബൗൺസ് തന്നെ ചെയ്തു. സച്ചിന്‍ അത് അടിച്ചുപറത്തി. അതിന് ശേഷം മകന്‍ മകനാണെന്നും, അച്ഛന്‍ അച്ഛന്‍ തന്നെയാണെന്നും ഞാൻ അക്തറിനെ ഓര്‍മിപ്പിച്ചു.' എന്നായിരുന്നു സെവാഗിന്റെ പ്രതികരണം. 
 
എന്നാൽ ഈ വെളിപ്പെടുത്താൽ പാക് താരത്തിന് അത്ര രസിച്ചില്ല. സെവാഗ് അങ്ങനെയൊന്നുമല്ല പറഞ്ഞത് എന്നാണ് അക്തറിന്റെ പക്ഷം. 'സെവാഗ് പറയുന്നത് ശുദ്ധ അസംബന്ധമാണ്. അന്ന് സെവാഗ് എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം പറയുന്നത് തമാശയായി മാത്രം കണ്ടാല്‍ മതി. അങ്ങനെയെന്തെങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കില്‍ സെവാഗിനെ വെറുതെവിടുമെന്ന് തോന്നുന്നുണ്ടോ. ഗ്രൗണ്ടില്‍ വെച്ചും ഹോട്ടല്‍ മുറിയിലെത്തിയും ഞാന്‍ സെവാഗിനെ തല്ലുമായിരുന്നു.' അക്തര്‍ തുറന്നടിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍