സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ്

ഞായര്‍, 18 ഏപ്രില്‍ 2021 (09:13 IST)
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ കൂട്ടപരിശോധനയുടെ ഫലങ്ങൾ ഇന്ന് മുതൽ ലഭിച്ചു തുടങ്ങും. ആദ്യ കൊവിഡ് തരംഗത്തിൽ സാമൂഹിക വ്യാപനം സംഭവിച്ച പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.
 
ഇന്നലെയാണ് സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്ക് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. നിലവിൽ 80,019 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇത് ഒരു ലക്ഷം രോഗികളാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സ്വകാര്യ മേഖലയെ കൂടി പരമാവധി ഉള്‍പ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപകരാനാണ് വിദഗ്‌ധർ ശുപാർശ ചെയ്യുന്നത്.
 
അതേസമയം സംസ്ഥാനത്ത് ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഉണ്ടോയെന്നും ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും രോഗം ബാധിക്കുവാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്‌ധർ കരുതുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍