പൊതുപരിപാടികളില്‍ സദ്യ പാടില്ല, പാഴ്‌സല്‍ മാത്രം: സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

നെൽവിൻ വിൽസൺ

തിങ്കള്‍, 12 ഏപ്രില്‍ 2021 (18:17 IST)
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒന്‍പതിന് അടയ്ക്കണം. പൊതുപരിപാടികള്‍ രണ്ടു മണിക്കൂര്‍ മാത്രം. 
 
പൊതുപരിപാടികളില്‍ 200 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 100 പേര്‍ക്ക് മാത്രം അനുമതി. ഹോട്ടലുകളില്‍ പരമാവധി പാഴ്‌സല്‍ നല്‍കണം. വിവാഹ ആഘോഷങ്ങള്‍ക്കും പാഴ്‌സല്‍ നല്‍കുന്ന രീതി പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശം. പൊതുപരിപാടികളില്‍ സദ്യ പാടില്ല, പാഴ്‌സല്‍ മാത്രം. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഷോപ്പിങ് ഫെസ്റ്റിവലുകള്‍, ഷോപ്പിങ് മാളുകളില്‍ നടക്കുന്ന വില്‍പ്പന മേളകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം.
 
അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 5,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍